ഡൽഹി: എയർ ഇന്ത്യയിൽ ഇനി ഹലാൽ ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രം. വിമാനങ്ങളിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനി മുതൽ ഹലാൽ ഭക്ഷണം വിളമ്പില്ലെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചു. വിമാനത്തിലെ ഭക്ഷത്തെ ചൊല്ലി വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് കമ്പനിയുടെ നടപടി. ഹലാൽ ഭക്ഷണം ഇനിമുതൽ വിമാനങ്ങളിൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് പ്രത്യേകമായി ബുക്ക് ചെയ്യേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇനിമുതൽ, മുസ്‌ലിം ഭക്ഷണം (മുസ്ലിം മീൽ എംഒഎംഎൽ) സ്റ്റിക്കർ പതിച്ച ഭക്ഷണങ്ങൾ ഒരു പ്രത്യേക വിഭാഗമായി മാറ്റും. എന്നാൽ സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും. പല നയങ്ങളിലും സൗദി മാറ്റം വരുത്തുന്ന സാഹചര്യത്തിൽ ഈ വിഷയവും ഉൾപ്പെട്ടാൽ നിയമത്തിനനുസരിച്ച് മാറ്റം വരുത്തും ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്ഷണങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
നേരത്തെ, എയർ ഇന്ത്യ ഭക്ഷണത്തിൽ മതപരമായ ലേബലിങ് നടത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വിരുദുനഗറിൽ നിന്നുള്ള കോൺഗ്രസ് എം.പി മാണിക്കം ടാഗോർ രംഗത്തെത്തിയിരുന്നു. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് 'ഹിന്ദു' അല്ലെങ്കിൽ 'മുസ്ലിം' ഭക്ഷണം എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് ചോദിച്ച എം.പി വിഷയം ഉന്നയിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് എയർ ഇന്ത്യ പുതിയ നയം സ്വീകരിച്ചത്.
If you want to get Halal food in Air India, you have to book in advance.